ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്തംബര്‍ ഏഴിന് ആരംഭിക്കും.....

Sunday 19 October 2014

ക്ലാസുമുറിയില്‍ എന്തുകൊണ്ട് പ്രൊജക്ടര്‍ ഉപയോഗിക്കുന്നില്ല?

ആയാസരഹിതമായ പഠനം കുട്ടികളുടെ അവകാശമാണെന്ന് താങ്കള്‍  വിശ്വസിക്കുന്നുണ്ടോ?കേള്‍ക്കുന്നതിനേക്കാള്‍ കാണുന്നതും അനുഭവിക്കുന്നതുമാണ് കുട്ടികളെ പഠനത്തിലേക്കു നയിക്കാന്‍ കൂടുതല്‍ സഹായകമാകുക എന്നു കരുതുന്നുണ്ടോ?പഠനത്തില്‍ ഐ ടി യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍ താങ്കള്‍ എന്തുകൊണ്ടാണ് ക്ലാസുമുറിയില്‍ പ്രൊജക്ടര്‍ ഉപയോഗിക്കാത്തത്?
എല്‍.പി ക്ലാസുകളെ ഒഴിച്ചു നിര്‍ത്തിയാല്‍,മറ്റു ക്ലാസുകളില്‍ ഈ ഐ ടി യുഗത്തിലും നമ്മുടെ പഠനോപകരണം പുസ്തകവും ചോക്കും ബ്ലാക്ക് ബോര്‍ഡും മാത്രമായി ഒതുങ്ങിപ്പോകുന്നതെന്തുകൊണ്ട്?വിദ്യാലയത്തിലെ സൗകര്യങ്ങള്‍ ഇത്രകണ്ട് വര്‍ദ്ധിച്ചിട്ടും,  ഐ ടി ഒരു പഠനവിഷയമായിരുന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ക്ലാസുമുറികള്‍ പുതിയ സാങ്കേതികവിദ്യകളോട് മുഖം തിരിച്ചു നില്‍ക്കുന്നത്?


ഈ ക്ലാസുമുറി നോക്കുക.ഇത് ഒരു സ്മാര്‍ട്ട് ക്ലാസുമുറിയണോ? 



എപ്പോഴാണ് ഒരു ക്ലാസുമുറി സ്മാര്‍ട്ടാകുന്നത്?ഫാന്‍ ഘടിപ്പിച്ചതുകൊണ്ടോ ഭംഗിയുള്ള ചായം പൂശിയതു കൊണ്ടോ ആയില്ല.കുട്ടികള്‍ക്ക് ആയാസരഹിതമായി പഠിക്കാന്‍ കഴിയുന്ന ഒരിടമായിരിക്കണം അത്.പഠനത്തിന്റെ ഓരോ പടിയും ചവുട്ടിക്കയറാന്‍ അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുന്ന ഒരിടം.പഠനത്തെ ആഴത്തില്‍ അനുഭവിപ്പിക്കാന്‍ അതിനു കഴിയണം.ശബ്ദവും  ചിത്രവും ദൃശ്യവും കൊണ്ട് കുട്ടികളെ പ്രചോദിപ്പിക്കാന്‍ ആ ക്ലാസുമുറിക്ക് കഴിയണം.അറിവ് രൂപീകരണത്തിലേക്ക് നയിക്കാന്‍ ആവശ്യമായ വായനാസാമഗ്രികളും വീഡിയോ ദൃശ്യങ്ങളും അവതരിപ്പിക്കാന്നതായിരിക്കണം  അത് .കുട്ടികളുടെ പഠനത്തെളിവുകള്‍ അവിടെ അപ്പപ്പോള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. അപ്പോഴാണ് ഒരു ക്ലാസുമുറി സ്മാര്‍ട്ടാകുന്നത്. പഠനം കുട്ടികള്‍ ആസ്വദിക്കുന്നത്.


ഒരു ക്ലാസില്‍ പ്രൊജക്ടര്‍ ഉപയോഗിക്കാന്‍ കാര്യമായ ഒരുക്കങ്ങളൊന്നും ആവശ്യമില്ല.വൈദ്യുതീകരിച്ച ക്ലാസുമുറിയായിരിക്കണം അത്.ഒരു സ്ക്രീനിന്റെ വലുപ്പത്തില്‍ ചുമരില്‍ വെള്ള പൂശിയിരിക്കണം.ഇത്രയും മതിയാകും,ഒരു ക്ലാസ്  സ്മാര്‍ട്ടാകാന്‍. 

ഏഴാം ക്ലാസിലെ സയന്‍സില്‍ നാലാമത്തെ യൂണിറ്റില്‍ മനുഷ്യന്റെ പല്ലുകളെ ക്കുറിച്ച് പഠിക്കാനുണ്ട്.പഠനത്തിനിടയില്‍ ഇതുമായി ബന്ധപ്പെട്ട മനോഹരമായ രണ്ടു വീഡിയോകള്‍ ഞാന്‍ കുട്ടികളെ കാണിച്ചു.ഒന്ന് പല്ലുകളുടെ വൈവിധ്യവും പ്രത്യേകതകളും സൂചിപ്പിക്കുന്നതായിരുന്നു.വിവിധ ആഹാരവസ്തുക്കള്‍ ചവച്ചരയ്ക്കാന്‍ പല്ലുകള്‍ എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയതായിരുന്നു രണ്ടാമത്തേത്.രണ്ടും അഞ്ചുമിനുട്ടില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ളവ.യൂ ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്തത്.ഒരു പക്ഷേ,ഇതിലും നന്നായി പല്ലുകളെക്കുറിച്ചറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ മറ്റൊന്നിനും കഴിയില്ല.  വീഡിയോ കണ്ടു കഴിഞ്ഞയുടനെ കുട്ടികള്‍ ഓരോരുത്തരുടേയും പല്ലുകള്‍ പരസ്പരം പരിശോധിക്കാന്‍ തുടങ്ങി.

ഹൈസ്ക്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍,ഒരിക്കല്‍  ഞാനും കൂട്ടുകാരനും ആരുമറിയാതെ ലബോറട്ടറിയില്‍ കയറിയത് ഇപ്പോഴും  ഓര്‍ക്കുന്നു.എപ്പോഴും അടഞ്ഞു കിടക്കുന്ന ആ മുറിക്കുള്ളില്‍ എന്താണെന്നറിയാനുള്ള ജിജ്ഞാസയായിരുന്നു ഞങ്ങളെ അതിനകത്തെത്തിച്ചത്.വലിയ സ്റ്റാണ്ടില്‍ തൂങ്ങി നില്‍ക്കുന്ന മനുഷ്യന്റെ അസ്തികൂടത്തിനുമുന്നില്‍ തെല്ല് ഭയത്തോടെ ഞങ്ങള്‍ നിന്നു.തൊട്ടടുത്തായി മേശപ്പുറത്ത് വെച്ച ഒരു ഉപകരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. കെല്‍ട്രോണിന്റെ 16mm പ്രൊജക്ടറായിരുന്നു അത്.


"സിനിമ കാണിക്കാനുള്ള ഒരു ഉപകരണമാണിത്."

അതിനെ തൊട്ടുനോക്കിക്കൊണ്ട്  കൂട്ടുകാരന്‍ വിശദീകരിച്ചു.അവന് എന്നെക്കാളും പ്രായവും ലോകപരിചയവും കൂടുതലായിരുന്നു.

അതിനടുത്തായി നിലത്തുവെച്ച ഒരു പെട്ടി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.അതില്‍ മൂന്നോ നാലോ ഫിലിം സ്പൂളുകളുണ്ടായിരുന്നു.മേല്‍ക്കൂരയിലെ ഓടുകള്‍ക്കിടയില്‍ സ്ഥാപിച്ച ചില്ലിലൂടെ ഊര്‍ന്നുവീഴുന്ന പ്രകാശത്തിനുനേരെ ഞങ്ങള്‍ ആ ഫിലിം റോളുകള്‍ പിടിച്ചു നോക്കി.അതിലെ അവ്യക്തമായ രൂപങ്ങള്‍ ഇളകിയാടുന്നതുപോലെ ഞങ്ങള്‍ക്കു തോന്നി.


"ഇതു കുട്ടികളെ കാണിക്കാനുള്ള സിനിമയാണ്."ഫിലിം സ്പൂളുകള്‍ തിരികെ പെട്ടിയില്‍ നിക്ഷേപിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു.


"ഞങ്ങളെ സിനിമ കാണിക്കോ?"ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.
"ഒരു പക്ഷേ,കാണിക്കുമായിരിക്കും."അവന്‍ പറഞ്ഞു.


ഞങ്ങള്‍ ഈ വിവരം ക്ലാസിലെ കൂട്ടുകാരോടൊക്കെ പറഞ്ഞു.എല്ലാവരും സിനിമകാണുന്നതും സ്വപ്നം കണ്ടിരുന്നു.സിനിമ എന്നാണ് കാണിക്കുന്നതെന്ന് സയന്‍സ് പഠിപ്പിക്കുന്ന അധ്യാപകനോട് ചോദിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമില്ലായിരുന്നു.അങ്ങനെ ഒരിക്കലും സിനിമ കാണാതെ ഞങ്ങളുടെ വിദ്യാലയത്തിലെ മൂന്നു വര്‍ഷവും കടന്നുപോയി.


വര്‍ഷങ്ങള്‍ക്ക് ശേഷം പയ്യന്നൂര്‍ കോളജിലെ ജന്തുശാസ്ത്ര ക്ലാസില്‍ ഞങ്ങളുടെ പ്രൊഫസര്‍ ജോണ്‍സി ജേക്കബ്ബ് സാറായിരുന്നു പ്രൊജക്ടര്‍ ഉപയോഗിച്ചുകൊണ്ട് ഞങ്ങള്‍ക്ക് സിനിമകള്‍ കാണിച്ചുതന്നത്.പരിസ്ഥിതി സംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളായിരുന്നു അവ. പ്രൊജക്ടറിന്റെ നേര്‍ത്ത ശബ്ദത്തോടൊപ്പം,ആ സിനിമകളിലെ ദൃശ്യങ്ങളോരോന്നും പ്രിയപ്പെട്ട ആ അധ്യാപകന്‍ പകര്‍ന്നുതന്ന പ്രകൃതി പാഠങ്ങളോടൊപ്പം മനസ്സില്‍ മായാതെ കിടപ്പുണ്ട്.

പറഞ്ഞുവന്നത് ക്ലാസില്‍ പ്രൊജക്ടര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്.അന്നത്തെ പ്രൊജക്ടറല്ല ഇന്ന്.ഭാരം തീരെ കുറവ്. കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പം.മിക്കവാറും എല്ലാ വിദ്യാലയങ്ങളിലും ഈ ഉപകരണമുണ്ട്.ചിലയിടങ്ങലില്‍ രണ്ടോ അതിലധികമോ.എന്നിട്ടും എന്റെ പഴയ വിദ്യാലയത്തിലെ  പ്രൊജക്ടറിന്റെ ഗതിയാണവയ്ക്ക്.അലമാരയിലെ മൂലയില്‍ ആരാലും തൊട്ടുനോക്കാതെ പൊടിതിന്ന് ഒടുങ്ങാന്‍ വിധിക്കപ്പെട്ട ജന്മം.

ഐടിയുടെ സാധ്യതകള്‍ ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില അധ്യാപകരെ മാറ്റി നിര്‍ത്തിക്കൊണ്ട് പറയട്ടെ,
പ്രൊജക്ടര്‍ ഉണ്ടായിട്ടും ക്ലാസില്‍  ഉപയോഗിക്കാത്ത അധ്യാപകര്‍ കുട്ടികളോടു ചെയ്യുന്നത് അനീതിയാണ്.പഠനം സുഗമമാക്കാനുള്ള കുട്ടികളുടെ അവകാശത്തെ നിഷേധിക്കലാണത്.


ഐടി പരിശീലനം ഇത്രയും ഗംഭീരമായി നടന്ന മറ്റൊരു സംസ്ഥാനം നമ്മുടെ രാജ്യത്ത് വേറെയുണ്ടാകില്ല.വര്‍ഷങ്ങളായി അതു നന്നായി തുടര്‍ന്നുകൊണ്ടു വരുന്നു.എന്നിട്ടും അധ്യാപകരുടെ മനോഭാവത്തില്‍ എന്തുകൊണ്ടാണ് മാറ്റം വരാത്തതെന്ന് ഗൗരവമായി ആലോചിക്കേണ്ടതാണ്.പ്രൊജക്ടര്‍ പോലുള്ള ലഘുവായ ഒരു സാങ്കേതികവിദ്യ ക്ലാസുമുറിയില്‍ ഉപയോഗിക്കാനുള്ള കഴിവും മനോഭാവവും നമ്മുടെ അധ്യാപകര്‍ എപ്പോഴാണ് സ്വായത്തമാക്കുക?

വിവിധ വിഷയങ്ങളില്‍ ഓരോ പാഠത്തിനും ആവശ്യമായ മിക്കവാറും വീഡിയോകള്‍ യൂട്യൂബിലും മറ്റും ലഭ്യമാണ്.ഇതില്‍ ഭൂരിഭാഗവും അഞ്ചുമിനുട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ളവ.ക്ലാസ് സമയത്തിനുള്ളില്‍ ഉപയോഗിക്കാവുന്നവ.ഇംഗ്ലീഷിലാണ് എന്നുള്ളത് ഒരു വിഷയമേ ആകുന്നില്ല.ഇതിലെ മനോഹരമായ ദൃശ്യങ്ങള്‍ കുട്ടികളുമായി നന്നായി സംവദിക്കും.കൂടാതെ ഇംഗ്ലീഷ് നിരന്തരമായി കേള്‍ക്കാനുള്ള അവസരവും ഇതു നല്‍കുന്നു.
ഏഴാം ക്ലാസ് സയന്‍സില്‍ നാലാമത്തെ യൂണിറ്റില്‍ (അന്നപഥത്തിലൂടെ..)ഉപയോഗിച്ച അഞ്ചുമിനുട്ടില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള വീഡീയോകളുടെ ലിസ്റ്റ് കാണുക.മുഴുവനും യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതാണ്.


  • വിവിധതരം ജീവികള്‍ ഇര പിടിക്കുന്നത്-പല്ലി,തവള,മുതല,പാമ്പ്,മരയോന്ത്,സിംഹം,കടുവ,പരുന്ത്......
  • പ്രകാശസംശ്ലേഷണം-അനിമേഷന്‍ വീഡിയോ,ചിത്രം
  • പരാദസസ്യങ്ങള്‍-ചന്ദനം,ഇത്തിള്‍ച്ചെടി,മൂടില്ലാത്താളി
  • ശവോപജീവികള്‍-മോണോട്രോപ്പ,വിവിധതരം കുമിളുകള്‍-ചിത്രങ്ങള്‍,വീഡിയോ
  • ജന്തുക്കളിലെ പരാദങ്ങള്‍-പേന്‍,ചെള്ള്,വിര-ചിത്രങ്ങള്‍,വീഡിയോ
  • ഇരപിടിയന്‍ സസ്യങ്ങള്‍-വീനസ് ഫ്ലൈട്രാപ്പ്,സണ്‍ഡ്യൂച്ചെടി,പിച്ചര്‍ച്ചെടി-ചിത്രങ്ങള്‍,വീഡിയോ
  • മനുഷ്യന്റെ വിവിധതരം പല്ലുകള്‍,ദന്തക്ഷയം,പല്ലിന്റെ ഘടന-ചിത്രങ്ങള്‍,വീഡിയോ
  • മനുഷ്യന്റെ ദഹനവ്യവസ്ഥ-ചിത്രങ്ങള്‍,വീഡിയോ
  • അമീബയുടെ ആഹാരസമ്പാദനം-വീഡിയോ
  • രക്തം-ഘടന-വീഡിയോ
  • വൃക്കയുടെ പ്രവര്‍ത്തനം-ചിത്രങ്ങള്‍,വീഡിയോ
  • ത്വക്ക്-ഘടനയും ധര്‍മ്മവും-ചിത്രങ്ങള്‍,വീഡിയോ
  • നല്ല ആഹാരശീലങ്ങള്‍-വീഡിയോ
ഇത്രയുമായാല്‍ പാഠം മുഴുവനുമായി.ഇനി ഈ ചിത്രങ്ങളും വീഡിയോകളും എവിടെ,എപ്പോള്‍ പഠനപ്രക്രിയയുടെ ഭാഗമായി ഉപയോഗിക്കണമെന്ന് ആസൂത്രണം ചെയ്താല്‍ മാത്രം മതിയാകും

.പ്രശ്നാവതരണ സമയത്ത് ചിലപ്പോള്‍ ഒരു ഫോട്ടോ ആയിരിക്കും അവതരിപ്പിക്കേണ്ടിവരിക.അല്ലെങ്കില്‍ വീഡിയോയുടെ ആദ്യഭാഗം.പിന്നീട് വിവരശേഖരണ സമയത്ത് വിശദമായി അവതരിപ്പിക്കേണ്ടി വന്നേക്കാം.ചിലപ്പോള്‍ അതിനുശേഷവും.ഇങ്ങനെ പഠനപ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ക്കിടയില്‍ അനുയോജ്യമായ സ്ഥലത്ത് ഉപയോഗിച്ചാല്‍ മാത്രമേ നിശ്ചിതമായ പഠനനേട്ടത്തില്‍ കുട്ടികള്‍ എത്തിച്ചേരൂ.അതുകൊണ്ടാണ് പ്രൊജക്ടര്‍ ക്ലാസുമുറിയില്‍ തന്നെ ഉപയോഗിക്കണമെന്ന് പറയുന്നത്.

പഠനത്തിനുശേഷം കുട്ടികളെ കമ്പ്യൂട്ടര്‍ ലാബില്‍ കൊണ്ടുപോയി വീഡിയോ കാണിച്ചുകൊടുക്കുന്ന ചില അധ്യാപകരെങ്കിലുമുണ്ട്.അവരുടെ ശ്രമം ശ്ലാഘനീയം തന്നെ.ക്ലാസുമുറിയില്‍ വെച്ചുതന്നെ ഈ ഉപകരണം ഉപയോഗിക്കുന്നതിലേക്ക് അവര്‍ പതുക്കെ വളരും എന്നതില്‍ സംശയമില്ല.

ഞങ്ങള്‍ 5,6,7 ക്ലസുകളില്‍ ചുമരില്‍ സ്ക്രീന്‍ ഒരുക്കിയിട്ടുണ്ട്.പ്രൊജക്ടര്‍ കണക്ട് ചെയ്യുന്നത് കുട്ടികള്‍ തന്നെയാണ്.അതിന് ഓരോ ക്ലാസിലും രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അഞ്ചുമിനുട്ട് സമയം കൊണ്ട് കുട്ടികള്‍ ഈ ജോലി ചെയ്തു തീര്‍ക്കും.അധ്യാപകന്‍ ക്ലാസിലെത്തുമ്പോഴേക്കും,ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ പാകത്തില്‍  പ്രൊജക്ടര്‍ തയ്യാറായിരിക്കും.

കഴിഞ്ഞ വര്‍ഷം മുതലാണ് ഞങ്ങള്‍ ഈ ഉപകരണം ക്ലാസുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.അതില്‍പിന്നെ കുട്ടികളുടെ പഠനത്തില്‍ ഗുണപരമായ മാറ്റം കാണാനുണ്ട്.

പ്രൊജക്ടര്‍ ഒരെണ്ണം മാത്രമേ ഇപ്പോഴുള്ളു. ഒന്നുകൂടി വാങ്ങിക്കാനുള്ള ശ്രമത്തിലാണ്.ആറ്,ഏഴ് ക്ലാസുകളിലെ സയന്‍സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍, മാറിയ പാഠപുസ്തകത്തില്‍ ഇതുവരെ പഠിച്ചുകഴിഞ്ഞ പാഠങ്ങളുടേയും ആറാം ക്ലാസിലെ മുഴുവന്‍ പാഠങ്ങളുടേയും പഠനസാമഗ്രികള്‍ ഞങ്ങളുടെ ശേഖരത്തിലുണ്ട്.ഇത് ആര്‍ക്കുവേണമെങ്കിലും കോപ്പി ചെയ്ത് കൊണ്ടുപോകാം.
കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന,കുട്ടികളെ ഇഷ്ടപ്പെടുന്ന,കുട്ടികള്‍ നന്നായി പഠിക്കണമെന്നാഗ്രഹിക്കുന്ന  ഏതൊരധ്യാപകനും ക്ലാസുമുറിയില്‍ ഐടിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താതിരിക്കാന്‍ കഴിയില്ല.



Saturday 11 October 2014

കലോത്സവത്തിലെ കാനത്തൂര്‍ സ്റ്റൈല്‍


കാനത്തൂര്‍ സ്ക്കൂളിലെ കുട്ടികള്‍  കലോത്സവത്തിന്റെ ലഹരിയിലാണ്.ഒക്ടോബര്‍ 30,31തീയ്യതികളിലാണ് സ്ക്കൂള്‍ കലോത്സവം.കുട്ടികള്‍ പരിശീലനം തുടങ്ങിയിട്ട് ആഴ്ചകള്‍ പലതായി.വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ ക്ലാസുമുറികള്‍ കലാപരിശീലനത്തിനുള്ള വേദികളായി മാറുന്നു.നാടകം,തിരുവാതിരക്കളി,ഒപ്പന,സംഘനൃത്തം,നാടോടിനൃത്തം, മോണോ ആക്ട്,സംഘഗാനം....പരിശീലനം അഞ്ചര-ആറുമണിവരെ നീളും.ഇതിനു രക്ഷിതാക്കളുടെ സമ്മതവും പൂര്‍ണ്ണ പിന്തുണയും കുട്ടികള്‍ നേടിയിട്ടുണ്ട്.

നാലു ഹൗസുകളായി തിരിഞ്ഞാണ് മത്സരം.ബ്ലൂ,ഗ്രീന്‍,വൈറ്റ്,റെഡ് എന്നിങ്ങനെ ഹൗസുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നു.ഒന്നാം ക്ലാസുകാര്‍ മുതല്‍ ഏഴാം ക്ലാസുകാര്‍ വരെയാണ് ഓരോ ഹൗസിലും.ഒരു ഹൗസില്‍ ഏതാണ്ട് അറുപതോളം കുട്ടികള്‍.ഓരോ ഹൗസിലെയും കുട്ടികള്‍ തെരഞ്ഞെടുത്ത കണ്‍വീനറും ജോയിന്‍റ് കണ്‍വീനറുംചേര്‍ന്നാണ് ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.മത്സരാര്‍ത്ഥികളെ  തെരഞ്ഞെടുക്കല്‍,വേണ്ട പരിശീലനം നല്‍കല്‍,സ്ക്കൂള്‍ കലോത്സവത്തിനാവശ്യമായ പണം കുട്ടികളില്‍ നിന്നും പിരിച്ചുനല്‍കല്‍,മത്സരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കുന്നത് കണ്‍വീനറും ജോയിന്‍റ് കണ്‍വീനറും ചേര്‍ന്നാണ്.കൂടാതെ ഓരോ ഹൗസിന്റേയും രക്ഷാധികാരിയായി ഒരു ടീച്ചറെയും ചുമതലപ്പെടുത്തിയിരിക്കുന്നു.


ആഴ്ചയില്‍ രണ്ടു തവണ ഹൗസുകള്‍ യോഗം ചേരും.ഹൗസിന്റെ ചുമതലയുള്ള ടീച്ചറുടെ സാന്നിധ്യത്തിലായിരിക്കും യോഗം.പരിശീലനത്തിന്റെ പുരോഗതി വിലയിരുത്തുന്നത് ഈ യോഗത്തിലാണ്.കുട്ടികള്‍ക്കുള്ള പ്രയാസങ്ങളും  മറ്റും ഇവിടെ ഉന്നയിക്കാം.മത്സരത്തിനു തയ്യാറെടുക്കാന്‍ കുട്ടികള്‍ക്കാവശ്യമായ പിന്തുണ ഉറപ്പാക്കുന്നത് ഈ യോഗത്തില്‍ വെച്ചാണ്.  കുട്ടികളുടെ മത്സര ഇനങ്ങളും മറ്റും നിശ്ചയിക്കുന്നതും ഇവിടെ വെച്ചുതന്നെ.മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഒരു കുട്ടിപോലും തഴയപ്പെടാതിരിക്കാന്‍ ഹൗസുകളുടെ ഈ വിലയിരുത്തല്‍ യോഗം വഴി സാധിക്കുന്നു.പരമാവധി കുട്ടികളെ മത്സരഇനങ്ങളില്‍ പങ്കെടുപ്പിക്കലും അതിന്റ നിലവാരം ഉറപ്പു വരുത്തലുമാണ് ഈ യോഗങ്ങളുടെ ലക്ഷ്യം.



ഹൗസുകളായി തിരിഞ്ഞു മത്സരിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്?ഇതു കുട്ടികളുടെ കലാഭിരുചി വളര്‍ത്തുന്നതില്‍ സഹായകമാകുന്നുണ്ടോ?

വ്യത്യസ്ത പ്രായക്കാരുടെ സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് ഓരോ ഹൗസിന്റേയും പ്രവര്‍ത്തനം.താഴ്ന്ന ക്ലാസിലെ കുട്ടികള്‍ക്ക് മുതിര്‍ന്ന ക്ലാസിലെ കുട്ടികളുടെ പിന്തുണ ഉറപ്പുവരുത്താന്‍ ഇതു വഴി കഴിയുന്നു.കൊച്ചുകുട്ടികളുടെ കഴിവും താത്പര്യവും പരിഗണിച്ചുകൊണ്ട് അവരുടെ മത്സര ഇനങ്ങള്‍ തീരുമാനിക്കുക,അവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ മുതിര്‍ന്ന ക്ലാസുകളിലെ ചേട്ടന്‍മാരും ചേച്ചിമാരും സ്വയം ഏറ്റെടുക്കുന്നു.കൂടുതല്‍ പോയിന്റുകള്‍ നേടി സ്വന്തം ഹൗസിനെ വിജയത്തിലെത്തിക്കേണ്ടത് ആ ഹൗസിലെ ഓരോ കുട്ടിയുടേയും ചുമതലയാണ്.അതു കൊണ്ടുതന്നെ ആത്മാര്‍ത്ഥമായ ശ്രമം ഓരോ കുട്ടിയുടെ ഭാഗത്തുനിന്നും ഉറപ്പു വരുത്താന്‍ ഹൗസുകള്‍ക്ക് കഴിയുന്നു.



വ്യത്യസ്ത ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ അടുത്തിടപെടാനും അവര്‍തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാനും ഹൗസുകളുടെ പ്രവര്‍ത്തനം വഴി കഴിയുന്നു.കുട്ടികള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിലും സ്നേഹത്തിലും ഊന്നുന്നതാണ് ഈ ബന്ധം.

കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസില്‍ നിന്നും പിരിഞ്ഞുപോയ കുട്ടികളുടെ സജീവമായ പിന്തുണയാണ് എടുത്തുപറയേണ്ടുന്ന മറ്റൊരു കാര്യം.അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്ക്കൂള്‍ രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ്.വൈകുന്നേരം സ്ക്കൂള്‍ വിട്ടയുടന്‍ അവര്‍ ഇവിടെയെത്തുന്നു.കുട്ടികളുടെ പരിശീലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച നാടക സംഘാംഗങ്ങളാണ് നാടകം പരിശീലിപ്പിക്കുന്നത്.ആശ,അശ്വതി,വിഷ്ണുനാഥ്,പ്രണവ്,ജില്ലയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അഭിജിത്ത്  എന്നിവര്‍ ഓരോ ഹൗസിന്റേയും നാടക സംവിധായകരാണ്.നാടകത്തോടുള്ള അവരുടെ താത്പര്യവും കഴിവും  നാടക റിഹേഴ്സല്‍ കാണുകയാണെങ്കില്‍ നമുക്ക് ബോധ്യപ്പെടും.

തിരുവാതിരക്കളി, സംഘനൃത്തം എന്നിവ പരിശീലിപ്പിക്കുന്നത് അനഘയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ്.കഴിഞ്ഞ വര്‍ഷം തിരുവാതിരക്കളിയില്‍ സബ്ബ്ജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും നേടിയ ഇവര്‍ നൃത്തരംഗത്ത് തങ്ങളുടെ മികവ് തെളിയിച്ചവരാണ്.അവരുടെ സജീവമായ സാന്നിധ്യം കുട്ടികളുടെ ആവേശം പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കുട്ടികളാണ് പഠിപ്പിക്കുന്നത് എന്നതു കൊണ്ട് മത്സരത്തിന്റെ നിലവാരത്തെക്കുറിച്ച് ആരെങ്കിലും സംശയിക്കുകയാണെങ്കില്‍ അവര്‍ക്കു തെറ്റി.കഴിഞ്ഞ വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവത്തെക്കുറിച്ച് നാട്ടുകാര്‍ ഇപ്പോഴും പറയും.അതിന്റെ സംഘാടനത്തെക്കുറിച്ചും അവതരിപ്പിക്കപ്പെട്ട പരിപാടികളുടെ  മികവിനെക്കുറിച്ചും. 



സ്ക്കൂള്‍ കലോത്സവത്തെ വിജയിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം രക്ഷിതാക്കളുടെ പങ്കാളിത്തമാണ്.കലോത്സവത്തെ അവര്‍ നാടിന്റെ ഉത്സവമാക്കി മാറ്റുന്നു.കലോത്സവത്തിനു പന്തല്‍ ഒരുക്കുന്നതു മുതല്‍  കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമുള്ള രണ്ടു ദിവസത്തെ ഭക്ഷണം വിതരണം ചെയ്യുന്നതുവരെ എല്ലാ കാര്യത്തിലും രക്ഷിതാക്കള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാകും.വിജയികള്‍ക്കുള്ള  സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവര്‍ തന്നെ.തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ നടക്കുന്ന ഈ കലോത്സവം കലാസ്വാദകര്‍ക്ക് വേറിട്ട ഒരനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.





Sunday 5 October 2014

അറിവും മുന്നറിവും ശാസ്ത്രപഠനത്തില്‍


ബ്ലാക്ക് ബോര്‍ഡില്‍ കാണുന്ന ചിത്രങ്ങള്‍ ഒന്നു സൂക്ഷിച്ച് നോക്കുക. ഇതിലെ ഓരോ ചിത്രവും വരച്ചത് ഓരോ കുട്ടിയാണ്. ആറാംക്ലാസുകാര്‍ അവരുടെ സയന്‍സ് ക്ലാസില്‍ വരച്ച ചിത്രങ്ങള്‍ .

ചിത്രങ്ങള്‍ എന്താണെന്നു മനസ്സിലായോ?

മനുഷ്യന്റെ ശ്വാസകോശമാണ്.ശ്വാസകോശം എങ്ങനെയാണെന്നതിനെക്കുറിച്ച് ഓരോ കുട്ടിയുടെ മനസ്സിലും ഓരോ ഇമേജുണ്ടാകും.അതുമായി ബന്ധപ്പെട്ട അവരുടെ സാമാന്യ ധാരണ(pre-concept).അത് എന്താണെന്ന് അറിയാനായിരുന്നു എന്റെ ശ്രമം.

ഈ പ്രവര്‍ത്തനം എന്നെ ആശ്ചര്യപ്പെടുത്തുകയുണ്ടായി.ഓരോ കുട്ടിയുടേയും മനസ്സിലെ അറിവ് എത്ര വ്യത്യസ്തമാണ്!അത് അറിയുക എന്നത് ഏറെ   കൗതുകകരവും.
ചിലര്‍ക്ക്  ശ്വാസകോശം കുടലിന് ഇരുവശവുമാണ്.ചിലര്‍ക്ക് ശരീരത്തന്റെ പുറം ഭാഗത്താണ്.നവ്യ പറഞ്ഞത് ശ്വാസകോശം നെഞ്ചിന്റെ ഇടതുഭാഗത്തുള്ള ഒരു സഞ്ചിയാണെന്നാണ്.ഷീബ പറഞ്ഞത് വയറിലാണെന്നാണ്.ആദിത്യ പറഞ്ഞത് അതിന് രണ്ട് അറകളുണ്ടെന്നാണ്.ഒന്നിലൂടെ വായു അകത്തേക്ക് വരുന്നു.മറ്റൊന്നിലൂടെ വായു പുറത്തേക്കു പോകുന്നു.ചിലര്‍ക്ക് മൂക്കില്‍ നിന്ന് പുറപ്പെടുന്ന ഒരു കുഴലാണ് ശ്വാസകോശം.അഞ്ചല്‍ പറഞ്ഞു. "ഹൃദയത്തിനടുത്താണത്.അതിന്റെ താളത്തിനനുസരിച്ചാണ് നാം ശ്വസിക്കുന്നത്.”


മനുഷ്യന്റെ ശ്വാസകോശത്തെക്കുറിച്ച് അവര്‍ മുന്‍ ക്ലാസുകളിലൊന്നും പഠിച്ചിട്ടില്ല.എങ്കിലും അവര്‍ക്ക് ചില സാമാന്യധാരണകളുണ്ടാകും.ഈ ധാരണകളെ പുനഃപരിശോധിച്ചും വിശകലനം ചെയ്തുമാണ് ശ്വാസകോശവുമായി ബന്ധപ്പെട്ട പുതിയ അറിവുകള്‍ കുട്ടികള്‍ രൂപീകരിക്കുന്നത്.പഴയതിനെ ചിലപ്പോള്‍ തിരുത്തേണ്ടതായി വരും.ചിലപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളയേണ്ടതായി വരും.മറ്റു ചിലപ്പോള്‍ അതിനെ നവീകരിക്കേണ്ടതായും വരും.ശ്വാസകോശവുമായി ബന്ധപ്പെട്ട് താന്‍ നേടിയ അറിവ് എന്താണെന്ന് പരിശോധിക്കാനുള്ള പഠനാവസരം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

പിന്നീട് കുട്ടികള്‍ നലത്ത് നിശബ്ദരായി പരസ്പരം തൊടാതെയിരുന്ന് ചില ബ്രീത്തിങ്ങ് എക്സര്‍സൈസുകള്‍ ചെയ്തു.ശ്വസിക്കുകയും നിശ്വസിക്കുകയും ശ്വസനത്തെ ക്രമപ്പെടുത്തുകയും.ശ്വസനം എന്ന പ്രക്രിയയെ ഓരോ കുട്ടിയും വ്യക്തിപരമായി അനുഭവിക്കാനായിരുന്നു ഇത്.ശ്വസനം എന്ന concept നെ സ്വന്തം അനുഭവുമായി ബന്ധിപ്പിക്കണം.എങ്കിലേ പഠനത്തില്‍ കുട്ടികള്‍ മനസ്സ് കൊണ്ടു മുഴുകൂ.അതാണ് ആശയരൂപീകരണത്തിലേക്ക് അവരെ നയിക്കുക.



അടുത്തതായി ഞാന്‍ ഇങ്ങനെ ഒരു ചോദ്യം കുട്ടികളോടു ചോദിച്ചു.
ശ്വസിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത്?

അവര്‍ ഒന്നാലോചിച്ചു.പിന്നീട് നേരത്തെ ചെയ്ത ബ്രീത്തിങ്ങ് എക്സര്‍സൈസ് ഒരിക്കല്‍ കൂടി ചെയ്തുനോക്കി.ശരീരത്തിലുണ്ടാകുന്ന മാറ്റത്തെ അവര്‍ കണ്ണടച്ചിരുന്ന് സൂക്ഷമമായി മനസ്സിലാക്കുകയാണെന്ന്  എനിക്കു തോന്നി.
തങ്ങളുടെ കണ്ടെത്തലുകള്‍ അവര്‍ ഒരു നോട്ടുപുസ്തകത്തില്‍ കുറിക്കാന്‍ തുടങ്ങി.

സ്വന്തം ശ്വസനാനുഭവത്തെ വിശകലനം ചെയ്യുന്നതിലൂടെ അവര്‍ എന്തെല്ലാം കാര്യങ്ങളായിരിക്കും കണ്ടെത്തിയിരിക്കുക?ശ്വസനത്തെക്കുറിച്ചുള്ള അവരുടെ സാമാന്യധാരണകള്‍ എന്തൊക്കെയായിരിക്കും? 


'ശ്വസിക്കുമ്പോള്‍ നല്ല സുഖമുണ്ട്.ശ്വസിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണം മാറിയതുപോല. ശ്വാസം വലിക്കുമ്പോള്‍ ശ്വാസകോശം വീര്‍ക്കുന്നു.ശ്വസിക്കുമ്പോള്‍ വയറ് ചെറുതാകുന്നു.കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിടുമ്പോള്‍ വയറ് വലുതാകുന്നു...'

ഇങ്ങനെയായിരുന്നു അഭിരാജ് എഴുതിയത്.

 ശ്വസിച്ചപ്പോഴുള്ള അവന്റെ അനുഭവത്തെ വിശകലനം ചെയ്തു കൊണ്ടാണ് അവന്‍ എഴുതിയത്.ശ്വസനത്തില്‍ വയറിനു പങ്കുണ്ടെന്ന് അവന്‍ കണ്ടെത്തിയിരിക്കുന്നു.ശ്വാസകോശം,കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നീ പദങ്ങള്‍ മറ്റെവിടെനിന്നോ അവന്‍ സ്വാംശീകരിച്ചതാണ്.
എവിടെ നിന്നായിരിക്കും? അതിലേക്കു പിന്നീട് വരാം.


ശിവരൂപ് എഴുതിയത് എന്താണെന്നു നോക്കാം.

'ശ്വസിക്കുമ്പോള്‍ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു.കുറേ സമയം ശ്വാസം വലിക്കുമ്പോള്‍ മരണത്തിലേക്ക് പോകും പോലെ തോന്നുന്നു.പിന്നെ ശ്വസിക്കുമ്പോള്‍ കുറേ വായു മൂക്കിന്റെ ഉള്ളിലേക്ക് പോകുന്നു.'

ഒരേ അനുഭവത്തില്‍ നിന്നുള്ള  രണ്ടു കുട്ടികളുടേയും തിരിച്ചറിവ്  എത്ര വ്യത്യസ്തമായ രീതിയിലാണെന്നു നോക്കുക.എന്തു കൊണ്ടായിരിക്കും ഇങ്ങനെ?


ഇനി നന്ദന എന്താണ് എഴുതിയതെന്ന് നോക്കാം.

'നാം ഓക്സിജന്‍ ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തിലെത്തി അവിടുന്ന് ശരീരത്തിലെ ഓക്സിജന്‍ ശ്വസിക്കേണ്ട അവയവങ്ങള്‍ ശ്വസിച്ച് തിരിച്ച് ശ്വാസകോശത്തിലെത്തി അവിടുന്ന് അത് കാര്‍ബണ്‍ ഡയോക്സൈഡായി പുറത്ത് വരുന്നു.മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ആവശ്യമുള്ള ഒരു ഘടകം കൂടിയാണ് വായു.എല്ലാ അവയവങ്ങള്‍ക്കും ശ്വസിക്കണം.ശ്വാസകോശത്തില്‍ ഓക്സിജന്‍ കുറച്ച് കൂടി നില്‍ക്കും.അവിടുന്ന് ശ്വാസകോശവും ശ്വസിക്കും.ശ്വാസകോശമുണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ.'

ശരീരത്തിലെ എല്ലാ അവയവങ്ങളും ശ്വസിക്കുന്നു എന്നാണ് നന്ദനയുടെ കണ്ടെത്തല്‍.ശ്വാസകോശത്തില്‍ ഓക്സിജന്‍ കുറച്ച് കൂടുതല്‍ ഉണ്ടാകും.അത് ശ്വാസകോശത്തിനു ശ്വസിക്കാന്‍ വേണ്ടിയാണ്.നന്ദനയുടെ ശാസ്ത്രപദ സമ്പത്ത് നോക്കുക-ഓക്സിജന്‍,ശ്വാസകോശം,അവയവങ്ങള്‍, കാര്‍ബണ്‍ ഡയോക്സൈഡ്.
ഇത്രയും  പദസമ്പത്ത് കൈമുതലായുള്ളതുകൊണ്ടാണ് നന്ദനയ്ക്ക് ശ്വസനപ്രക്രിയയെ അവളുടേതായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്.


'ശ്വാസകോശമുണ്ടെങ്കിലേ ജീവിക്കാന്‍ കഴിയൂ' എന്ന നിഗമനം ഞാന്‍ തൊട്ടുമുമ്പ്  നല്‍കിയ പഠനാനുഭവത്തില്‍ നിന്നും അവള്‍ രൂപീകരിച്ച അറിവായിരിക്കുമോ?അതോ അവള്‍ നേരത്തേ നേടിയ അവളുടെ സാമാന്യ ധാരണയോ?കൃത്യമായി പറയുക പ്രയാസമായിരിക്കും.

ശ്വസിക്കുമ്പോള്‍ ശരീരം തണുക്കുന്നുവെന്ന് ഒറ്റ വരിയിലെഴുതിയ സുവണ്യ മുതല്‍
ഒരു പേജില്‍ ഉപന്യസിച്ച കുട്ടികള്‍ വരെയുണ്ട് കൂട്ടത്തില്‍.എല്ലാം ഇവിടെ വിശദമാക്കുക പ്രയാസമാണ്.

മുകളില്‍ സൂചിപ്പിച്ച മൂന്നു കുട്ടികളുടേയും സാമാന്യധാരണയില്‍ എന്തു കൊണ്ടാണ് ഇങ്ങനെ വ്യത്യാസം വന്നത്?
കുട്ടികളുടെ സാമാന്യ ധാരണ രൂപപ്പെടുന്നത് എങ്ങനെയാണ്?


കുട്ടികളുടെ കുടുംബാന്തരീക്ഷം വളരെ പ്രധാനമാണ്.കുടുംബത്തിന്റെ സാമ്പത്തിക നില,വിദ്യാഭ്യാസ നിലവാരം,ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന ചേട്ടനോ ചേച്ചിയോ,കുടുംബാംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ച,കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതുകാര്യങ്ങളെ പറ്റിയുള്ള മുതിര്‍ന്നവരുടെ ചര്‍ച്ച,പുസ്തകങ്ങള്‍,പത്രമാസികകള്‍ എന്നിവയുടെ ലഭ്യത,വായനയുടെ അന്തരീക്ഷം എന്നിവ കുട്ടികളുടെ സാമാന്യധാരണ രൂപപ്പെടുത്തുന്നതില്‍ പ്രധാനമാണ്.താരതമ്യേന ദരിദ്രരും നിരക്ഷരുരുമായ കുടുംബാംഗങ്ങളുള്ള വീട്ടിലെ കുട്ടികളും മുകളില്‍ സൂചിപ്പിച്ച അന്തരീക്ഷത്തില്‍ നിന്നും വരുന്ന കുട്ടികളും തമ്മില്‍ പഠനത്തില്‍ വ്യത്യാസം വരുന്നത് അതുകൊണ്ടായിരിക്കണം.

കുട്ടികളുടെ സാമാന്യധാരണ രൂപപ്പെടുത്തുന്നതില്‍ വിദ്യാലയത്തിലെ സാംസ്ക്കാരികാന്തരീക്ഷം വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്.ദിനാഘോഷങ്ങള്‍,സ്ക്കൂള്‍ അസംബ്ലി,ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍,സഹവാസ ക്യാമ്പുകള്‍,കലാപരിപാടികള്‍,സിനിമാപ്രദര്‍ശനങ്ങള്‍,കലോത്സവങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സജീവമായി നിലനിര്‍ത്തുന്നതാണ് ഈ സാസ്ക്കാരിക അന്തരീക്ഷം.പത്രങ്ങളില്‍ വാര്‍ത്തയാക്കുന്നതില്‍ ഒതുങ്ങിപ്പോകാതെ ഓരോ പ്രവര്‍ത്തനത്തില്‍ നിന്നും കുട്ടികള്‍ എന്തുനേടി എന്നു വിലയിരുത്തിക്കൊണ്ടായിരിക്കണം അതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടത്.അപ്പോള്‍ മാത്രമേ കുട്ടികളുടെ ബോധനിലവാരത്തില്‍ അത് മാറ്റങ്ങള്‍ കൊണ്ടുവരൂ.അത്തരം വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യേകം തിരിച്ചറിയാന്‍ കഴിയും.

കുട്ടി ജീവിക്കുന്ന പ്രദേശത്തിലെ സാംസ്ക്കാരിക അന്തരീക്ഷമാണ് അവന്റെ സാമാന്യ ധാരണയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം.ആ സമൂഹം പൂര്‍ണ്ണമായും ജനാധിപത്യപരമായിരിക്കണം.പുരോഗമന ആശയങ്ങള്‍ക്ക് അവിടെ വേരോട്ടമുണ്ടായിരിക്കണം.വായനശാലകള്‍,ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍,കലാസമിതികള്‍,നാടകക്കൂട്ടായ്മകള്‍,സിനിമാ സൊസൈറ്റികള്‍,പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന ആരോഗ്യകരമായ ഒരന്തരീക്ഷത്തിലായിരിക്കണം കുട്ടികള്‍ വളരേണ്ടത്.ഈ അന്തരീക്ഷം അവന്റെ തിരിച്ചറിവിനേയും വികാസത്തേയും  സ്വാധീനിക്കും.
ഇങ്ങനെ നേടുന്ന സാമാന്യ ധാരണകളെ വിശകലനം ചെയ്തും  വ്യാഖ്യാനിച്ചും പുനഃസൃഷ്ടിച്ചുമാണ് കുട്ടി തന്റെ അറിവിന്റെ വിളക്കുകള്‍  കൊളുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പഠനത്തില്‍ ഇവയൊക്കെ പ്രധാനമാണുതാനും.



ശ്വാസകോശവുമായി ബന്ധപ്പെട്ട് തുടര്‍ന്ന് നല്‍കിയ പ്രവര്‍ത്തനങ്ങള്‍ കൂടി വിശദീകരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

മനുഷ്യശ്വാസകോശത്തിന്റെ വലിയ ചിത്രം സ്ക്രീനില്‍ പ്രൊജക്ട് ചെയ്തു കാണിച്ചു കൊടുത്തു.കുട്ടികളോട് ചിത്രം നിരീക്ഷിക്കാന്‍ പറഞ്ഞു.
ശ്വാസകോശത്തിന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണ്?ചോദ്യം.


  • കുട്ടികള്‍ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നു.
ചിത്രത്തിന്റെ സഹായത്തോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ?അടുത്ത ചോദ്യം.
  • കുട്ടികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു.
  • ശ്വാസകോശത്തിന്റെ  പ്രവര്‍ത്തനം വിശദമാക്കുന്ന ആനിമേഷന്‍
    വീഡിയോ പ്രദര്‍ശിപ്പിക്കുന്നു.
  • കുട്ടികള്‍ നേരത്തെ എഴുതിയ കുറിപ്പിലെ സാമാന്യ ധാരണയുമായി അതിനെ തട്ടിച്ചുനോക്കുന്നു.നേരത്തെയുള്ള ധാരണയില്‍ എന്തുമാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്?കുട്ടികള്‍ക്ക് വിശദീകരിക്കാനുള്ള അവസരം.
  •  ശ്വാസകോശവുമായി ബന്ധപ്പെട്ട് പാഠഭാഗത്തുനല്‍കിയ കുറിപ്പ്,വീഡിയോ ചിത്രം എന്നിവ വിശകലനം ചെയ്ത് ശ്വാസകോശത്തന്റെ പ്രവര്‍ത്തനം വിശദമാക്കുന്ന കുറിപ്പ് വ്യക്തിഗതമായി തയ്യാറാക്കുന്നു.
  • ഗ്രൂപ്പില്‍ മെച്ചപ്പെടുത്തിയെഴുതുന്നു.
  • അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ശ്വാസകോശത്തിന്റെ മാതൃക നിര്‍മ്മിക്കുന്നു.
    മാതൃക ഉപയോഗിച്ച് ഓരോ ഗ്രൂപ്പും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നു.


Sunday 28 September 2014

റ്റോമോയിലെ വൃക്ഷങ്ങള്‍ നമ്മോട് പറയുന്നത്...


വൃക്ഷനിബിഡമാണ് റ്റോമോ വിദ്യാലയം.ടോട്ടോച്ചാന്‍ റ്റോമോയെ ഇഷ്ടപ്പെടാനുള്ള പല കാരണങ്ങളില്‍ ഒന്ന് അവിടുത്തെ വൃക്ഷങ്ങളാണ്.ഓരോ കുട്ടിക്കുമുണ്ട് ഓരോ വൃക്ഷം.ഒഴിവുനേരങ്ങളിലും ക്ലാസ് പിരിഞ്ഞതിനുശേഷമുള്ള സായാഹ്നങ്ങളിലും അവര്‍ വൃക്ഷത്തിനടുത്തേക്ക് ഓടിയെത്തും.വൃക്ഷങ്ങളോടു കിന്നാരം പറയും.അതിനുമുകളില്‍ വലിഞ്ഞു കയറും.അതിന്റെ കവരത്തില്‍ ചാരിയിരിക്കും.വിദൂരതയിലേക്ക് കണ്ണുംനട്ട്.ചിലപ്പോള്‍ ആകാശത്തിലേക്ക് നോക്കിക്കൊണ്ട്.മറ്റു ചിലപ്പോള്‍ അങ്ങ് താഴെ നടന്നകലുന്ന മനുഷ്യരെയും നോക്കിക്കിക്കൊണ്ട്.

എന്തുകൊണ്ടാണ് കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ കുട്ടികളെ മരം കയറാന്‍ അനുവദിച്ചത്?

മരം കയറ്റം ഒരു സാഹസിക പ്രവര്‍ത്തിയാണ്.ഒപ്പം അതു പ്രകൃതിയുമായി കുട്ടികളെ കൂടുതല്‍ അടുപ്പിക്കുന്നു.വൃക്ഷശിഖരത്തന്റെ ഉയരങ്ങളില്‍ കയറിയിരുന്ന് പ്രകൃതിയിലെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക എന്നത് ബാല്യത്തിലെ മറക്കാനാവാത്ത ഒരനുഭവം തന്നെയാണ്.

ഈ അനുഭവത്തിലൂടെ തന്റെ കുട്ടികള്‍ കടന്നുപോകണമെന്ന് മാസ്റ്റര്‍ ആഗ്രഹിച്ചിരുന്നിരിക്കണം.സാഹസികത ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍.സാഹസിക പ്രവര്‍ത്തികള്‍ കുട്ടികള്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.നടക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍തന്നെ അവര്‍ എവിടെയെങ്കിലും വലിഞ്ഞു കയറാന്‍ തുടങ്ങും.മുതര്‍ന്നു കഴിഞ്ഞാല്‍ അവരുടെ ഇഷ്ടപ്പെട്ട സാഹസിക പ്രവൃത്തി മരം കയറ്റമാണ്.ജീവിതത്തില്‍ പ്രതിബന്ധങ്ങളെ നേരിടാനും തരണം ചെയ്ത് മുന്നേറാനും അത് കുട്ടികളെ പ്രാപ്തരാക്കും.സാഹസികത എന്നത് മുന്നില്‍ക്കാണുന്ന ലക്ഷ്യത്തിലേക്കുള്ള ധീരമായ ചുവടുവെപ്പുകളാണ്.കുട്ടികള്‍ക്ക് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഇത്തരം  പരിശീലനങ്ങളുടെ പ്രാധാന്യം മാസ്റ്റര്‍ അന്നേ തിരിച്ചറിഞ്ഞിരിക്കണം.


ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മരത്തിന്റെ ഉയരങ്ങളിലേക്ക് വലിഞ്ഞുകയറുക.ദൂരെയുള്ള കാഴ്ചകള്‍  നോക്കിരസിക്കുക.എന്തൊക്കെകാണുന്നുവെന്ന്  കൂട്ടുകാരോട് ഉറക്കെ വിളിച്ചുപറയുക.ഒരു തലമുറ മുമ്പ് വരെ നമ്മുടെ നാട്ടിലെ കുട്ടികളുടേയും ഇഷ്ടപ്പെട്ട വിനോദം ഇതുതന്നെയായിരുന്നു.നാട്ടിന്‍പുറത്തെ കുട്ടികളുടെ കളികളെല്ലാം മരത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഒഴിഞ്ഞപറമ്പുകളും നാട്ടുമാവുകളും  കളിക്കാന്‍ കൂട്ടുകാരും ഇല്ലാതായതോടെ പുതുതലമുറയിലെ കുട്ടികള്‍ക്ക് മരംകയറ്റം അന്യമായി.പ്രകൃതിയില്‍ നിന്നും അതവരെ കൂടുതല്‍ അകറ്റി.അടച്ചിട്ട മുറികളിലെ വീഡിയോ ഗെയിമുകളായി അവരുടെ ലോകം.ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ക്കുമുന്നില്‍ പുതുതലമുറ പകച്ചു നിന്നുപോകുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതു കൂടിയായിരിക്കണം.

സാഹസികത ഇഷ്ടപ്പെടുന്ന കുട്ടിയായിരുന്നു ടോട്ടോച്ചാന്‍.അതവളെ പലപ്പോഴും അപകടത്തില്‍ ചെന്നുചാടിക്കുന്നുണ്ട്.ഒരു ദിവസം അവള്‍ എക്സര്‍സൈസ് ബാറിന്റെ ഉയരത്തില്‍ വലിഞ്ഞുകയറി ഒറ്റകൈയില്‍ ഞാന്നു കിടന്നുകൊണ്ട് അതുവഴി പോകുന്നവരോടൊക്കെ പറഞ്ഞു.
"ഇന്നേയ്,ഞാനെറച്ചിയാ,കടേല് തൂങ്ങിക്കെടക്കണ എറച്ചി."
പക്ഷേ,അവള്‍ താഴെ വീണുപോയി.
പിന്നീടൊരിക്കല്‍ മണല്‍ക്കൂനയാണെന്നു കരുതി അവള്‍ കുമ്മായക്കൂട്ടിലേക്ക് എടുത്തു ചാടി.അന്ന് അവളെ വൃത്തിയാക്കിയെടുക്കാന്‍ അമ്മപെട്ട പാട്!മറ്റൊരിക്കല്‍ അവളുടെ പ്രിയപ്പെട്ട വളര്‍ത്തു പട്ടി ടോണിയുമായി ഗുസ്തിപിടിക്കാന്‍ ചെന്നു.അവന്‍ അവളുടെ ചെവി കടിച്ചുമുറിച്ചു കളഞ്ഞു.

 
എന്നാല്‍ ഇതിനൊക്കെ അപ്പുറം,ടോട്ടോച്ചാന്റെ സാഹസികതയും കാരുണ്യവും വെളിപ്പെടുന്ന അതിഗംഭീരമായ ഒരു സന്ദര്‍ഭം പുസ്തകത്തിലുണ്ട്.
പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നുപോയ യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ തന്റെ മരത്തില്‍ കയറ്റുന്ന രംഗം.ഇതിന്റെ വായന നമ്മെ സ്തബ്ധരാക്കും.ടോട്ടോച്ചാന്റെ കരുത്തും ഇച്ഛാശക്തിയും കണ്ട് നാം അത്ഭുതപ്പെട്ടുപോകും..സഹപാഠിയോടുള്ള അവളുടെ സ്നേഹവും സഹാനുഭൂതിയും നമ്മുടെ മനസ്സിനെ ശാന്തമാക്കും.റ്റോമോഗാഗ്വെനിന്റെ ഔന്നിത്യത്തിനുമുന്നില്‍ നാം അറിയാതെ തലകുനിച്ചുപോകും.


അതൊരു മഹാസാഹസം തന്നെയായിരുന്നു.അന്ന് അവധി ദിവസമായിരുന്നു.പോളിയോ ബാധിച്ച യാസ്വാക്കിച്ചാനെ അവള്‍ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.യാസ്വാക്കിച്ചാന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് അമ്മയോട് കള്ളം പറഞ്ഞായിരുന്നു അവള്‍ ഇറങ്ങിയത്.അവര്‍ രണ്ടുപേരും നേരെ പോയതോ?റ്റോമോയിലെ ടോട്ടോച്ചാന്റെ മരത്തിനരികിലേക്കും.

ഈ സാഹസത്തിനു ടോട്ടോയെ പ്രേരിപ്പിച്ച സംഗതി എന്തായിരിക്കും?
റ്റോമോയില്‍ എല്ലാവരും അവരവരുടെ മരത്തില്‍ കയറിയിരിക്കും.പാവം! യാസ്വാക്കിച്ചാനുമാത്രം അതിനു കഴിയില്ല.അതു ടോട്ടോയെ ഏറെ ദുഖിപ്പിച്ചിരിക്കണം.അവന്റെ സങ്കടം അവളുടേതു കൂടിയാവുകയാണ്.അവള്‍ മനസ്സിലുറപ്പിച്ചുകാണും.എന്തുവിലകൊടുത്തും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ മരം കയറ്റണം.


നടക്കുമ്പോള്‍ ആടിയുലയുന്ന യാസ്വാക്കിച്ചാനെ ടോട്ടോച്ചാന്‍ ആദ്യമായി കാണുന്ന സന്ദര്‍ഭം നോക്കുക.

"കുട്ടിയെന്താ ഇങ്ങനെ നടക്ക്ണേ?”
ഉള്‍ക്കനം സ്ഫുരിക്കുന്ന സൗമ്യമായ ശബ്ദത്തില്‍ അവന്‍ പറഞ്ഞു.
"നിക്ക് പോളിയോ വന്നതോണ്ടാ.”
"പോളിയോന്ന് വെച്ചാല്‍?”
ആവാക്ക് അന്നവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.
"ഉവ്വ്,പോളിയോ."സ്വരം താഴ്ത്തി അവന്‍ പറഞ്ഞു."കാലില് മാത്രല്ല,കയ്യിലുംണ്ട്,നോക്കിയാട്ടെ.”
അവന്‍ കൈകള്‍ നീട്ടിക്കാണിച്ചു.
കൊച്ചുടോട്ടോ അതു വ്യക്തമായിക്കണ്ടു.ഇടതുകൈയിലെ വിരലുകള്‍ തേമ്പി മടങ്ങിയിരിക്കുന്നു.അവ പരസ്പരം കൂടിച്ചര്‍ന്നതു പോലെയുണ്ട്.


ഈ കൂട്ടുകാരനെയാണ് കൊച്ചുടോട്ടോ തന്റെ മരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ചതുപോലെ അവള്‍ വാച്ചറുടെ ഷെഡില്‍ നിന്നും ഏണി മരച്ചുവട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു.മരത്തില്‍ ചാരിവെച്ചു.അവള്‍ ആദ്യം കയറി.മരത്തിനുമുകളിലിരുന്ന് ഏണിയില്‍ അമര്‍ത്തിപ്പിടിച്ച് അവനോട് കയറാന്‍ പറഞ്ഞു.യാസ്വാക്കിച്ചാന്‍ ശ്രമിച്ചെങ്കിലും അവന് ഒരു പടിപോലും കയറാന്‍ കഴിഞ്ഞില്ല.സംഗതി താന്‍ കരുതിയതുപോലെ അത്ര എളുപ്പമല്ലെന്ന് അവള്‍ക്ക് മനസ്സിലായത് അപ്പോള്‍ മാത്രമാണ്.


പക്ഷേ,അവള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു.അടുത്തതായി അവള്‍ ഒരു പലകക്കോവണിയാണ് കൊണ്ടുവരുന്നത്.പലകക്കോവണിക്കുമുന്നില്‍ വിയര്‍ത്തുകുളിച്ചു നിന്ന അവനെ അവള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അവള്‍ അവനെ തള്ളിക്കയറ്റാന്‍ തുടങ്ങി.ഓരോ പടവിലും അവര്‍ പൊരുതുകയായിരുന്നു.യാസ്വാക്കിച്ചാന്‍ അവന്റെ എല്ലാ ആരോഗ്യവും പുറത്തെടുത്തു.അങ്ങനെ അവന്‍ പലകക്കോവണിയുടെ മുകളിലെത്തി.



"പക്ഷേ,അവിടുന്നങ്ങോട്ട് സംഗതി ദുഷ്ക്കരമായിരുന്നു.ടോട്ടോച്ചാന്‍ ഒറ്റച്ചാട്ടത്തിന് കൊമ്പിലെത്തി.പക്ഷേ,എത്രശ്രമിച്ചിട്ടും യാസ്വാക്കിച്ചാനെ മരക്കൊമ്പിലെത്തിക്കാന്‍ അവള്‍ക്കായില്ല.കോണിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് തലയുയര്‍ത്തി അവന്‍ അവളെ നോക്കി.അതു കണ്ടപ്പോള്‍ ടോട്ടോച്ചാന് പെട്ടെന്ന് കരച്ചില്‍വന്നു.യാസ്വാക്കിച്ചാനെ തന്റെ മരത്തില്‍ കയറ്റാനുള്ള അവളുടെ ആഗ്രഹം അത്രയേറെ അദമ്യമായിരുന്നു.”

തന്നെപ്പോലെത്തന്നെയാണ് യാസ്വാക്കിച്ചാനും.യാസ്വാക്കിച്ചാന്‍ അങ്ങനെയായത് അവന്റെ കുറ്റംകൊണ്ടല്ല.ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളൊക്കെ അവനും അവകാശപ്പെട്ടതാണ്.അതുകൊണ്ടുതന്നെ തനിക്കു മരം കയറാന്‍ കഴിയുമെങ്കില്‍ അവനും കഴിയണം.ഈചിന്തയായിരിക്കണം ടോട്ടോച്ചാനെ മുന്നോട്ടു നയിച്ചത്.ഈ ചിന്ത അവളില്‍ നട്ടുമുളപ്പിച്ചത് റ്റോമോ വിദ്യാലയത്തിലെ പാഠങ്ങള്‍ തന്നെ.ശാരീരിക പരിമിതിയനുഭവിക്കുന്ന യാസ്വാക്കിച്ചാനും തഹാകാഷിയേയും പോലുള്ള കുട്ടികള്‍ക്ക് വേരുറപ്പിച്ച് വളര്‍ന്നു വികസിക്കാന്‍ പാകത്തിലുള്ളതായിരുന്നു അതിന്റെ മണ്ണ്.

ഒടുവില്‍ ടോട്ടോച്ചാന്റെ  ഇച്ഛാശക്തിക്കുമുന്നില്‍ മരം കീഴടങ്ങി.അവള്‍ അവനെ മരത്തിനുമുകളിലേക്ക് അതിസാഹസികമായി വലിച്ചു കയറ്റുകതന്നെ ചെയ്തു.

“...യാസ്വാക്കിച്ചാന്‍ മുകളിലെത്തി.
മരക്കൊമ്പില്‍ അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു.വിയര്‍പ്പില്‍ കുതിര്‍ന്ന തലമുടിയൊതുക്കി,താഴ്മമയോടെ തല കുമ്പിട്ട് കൊച്ചുടോട്ടോ പറഞ്ഞു.
"എന്റെ മരത്തിലേക്ക് സ്വാഗതം......”
മരക്കൊമ്പില്‍ നിന്നുള്ള വിദൂരദൃശ്യങ്ങള്‍ യാസ്വാക്കിച്ചാന് പുതുമയായിരുന്നു.ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം.
"ഹായ്,അപ്പൊ മരത്തിക്കേറ്യാല് ഇങ്ങന്യാ ഇരിക്ക്യാ,അല്ലേ."അവന്‍ നിറഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.”


ടോട്ടോച്ചാനെപ്പോലെ മരം കയറാന്‍ കഴിയുന്ന ഒരു കുട്ടിയായി യാസ്വാക്കിച്ചാനും മാറിയിരിക്കുന്നു.മനക്കരുത്തുണ്ടെങ്കില്‍ ഏതു പരിമിതിയെയും മറികടക്കാമെന്ന വലിയ പാഠമാണ് മരം കയറ്റത്തിലൂടെ ടോട്ടോച്ചാന്‍ അവനെ പഠിപ്പിച്ചത്.ഇത് യാസ്വാക്കിച്ചാന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കിയിരിക്കണം.

ഈ മരത്തിനു മുകളില്‍ വെച്ചാണ് യാസ്വാക്കിച്ചാന്‍ അവളോട് ടെലിവിഷനെക്കുറിച്ച് പറയുന്നത്.


"അമേരിക്കേലുള്ള എന്റെ ചേച്ചീടേല് ടെലിവിഷനെന്ന് വിളിക്കണ ഒരു സാധനംണ്ടത്രെ."യാസ്വാക്കിചാന്‍ വിസ്മയപൂര്‍വ്വം പറഞ്ഞു.
"അദ് ജപ്പാനിലും വരൂത്രേ.അപ്പൊ നമക്ക് വീട്ടിലിര്ന്ന് സുമോ ഗുസ്തി കാണാമ്പറ്റ്വത്രേ.ചേച്യാ പറഞ്ഞേ.ചേച്ചിപറേണ് അതൊരു പെട്ടിപോലത്തെ സാധനാണെന്ന്,ആവോ?”


ടോട്ടോച്ചാന്‍ പിന്നീട് ജപ്പാനിലെ പ്രശസ്തയായ ടിവി അവതാരികയായി മാറുകയാണ്.ടിവിയെക്കുറിച്ച് അവള്‍ ആദ്യമായി കേള്‍ക്കുന്നതോ തന്റെ മരത്തിനു മുകളില്‍വെച്ച് യാസ്വാക്കിചാന്‍ പറഞ്ഞിട്ടും!

യാസ്വാക്കിചാനെപോലെ ശാരീരികപരിമിതിയുള്ള മറ്റൊരു കുട്ടികൂടിയുണ്ട് റ്റോമോയില്‍.തകാഹാഷി എന്നാണവന്റെ പേര്.കാലുകള്‍ വളഞ്ഞ് വളര്‍ച്ച മുരടിച്ചുപോയ ഒരു കുട്ടി.



ടോട്ടോച്ചാന്‍ അവനെയും തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാക്കി മാറ്റുന്നുണ്ട്.റ്റോമോയിലെ വാര്‍ഷിക കായികമേളയില്‍ എപ്പോഴും ജയിച്ചു മുന്നേറുന്ന കുട്ടി.ഒരു ജേതാവായി മറ്റുള്ളവര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍,താനിനി വളരില്ലെന്ന കൊടിയ അപകര്‍ഷതയില്‍നിന്നും തകാഹാഷി മോചിതനായിരിക്കണം.ഒരു പക്ഷേ,കായികമേളയിലെ  കളികളെല്ലാം തകാഹാഷിയെ ജയിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കുമോ മാസ്റ്റര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുക എന്ന് ഒരു വേള ടോട്ടോച്ചാന്‍ സംശയിക്കുന്നുണ്ട്.

ഈ രണ്ടു വിദ്യാര്‍ത്ഥികളേയും പരിഗണിച്ച രീതി നമ്മെ ബോധ്യപ്പെടുത്തുന്നത്  റ്റോമോ വിദ്യാലയത്തിലെ വിശാലമായ ഇടങ്ങളെക്കുറിച്ചാണ്.അതിരുകളില്ലാത്ത അതിന്റെ ആകാശത്തിലേക്ക് ശിഖരങ്ങളുയര്‍ത്തിനില്‍ക്കുന്ന വൃക്ഷങ്ങള്‍ നമ്മോട് പലതും പറയുന്നുണ്ട്.എല്ലാകുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഔപചാരികതയുടെ കാര്‍ക്കശ്യം പുരളാത്ത അതിന്റെ ക്ലാസുമുറികളെക്കുറിച്ച്.സ്നേഹത്തിന്റേയും കാരുണ്യത്തിന്റെ പൂമരം പോലെ വളര്‍ന്നു നില്‍ക്കുന്ന സൊസാകു കൊബായാഷി എന്ന ഹെഡ്മാസ്റ്ററെക്കുറിച്ച്. വിശാലമായ മാനവികതയിലൂന്നുന്ന അതിന്റെ ദര്‍ശനത്തെക്കുറിച്ച്.അല്ലെങ്കില്‍ 'ടോട്ടോച്ചാന്‍' രചിച്ച തെത്സുകോ കുറോയാനഗിയെപ്പോലുള്ള കുട്ടികളെ അതിനു സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല.




(തുടരും)


Thursday 21 August 2014

തെരഞ്ഞെടുപ്പ് എന്ന പാഠപുസ്തകം




സമയം രാവിലെ പതിനൊന്നര.
പോളിങ്ങ് ഉദ്യോഗസ്ഥരെല്ലാം പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഹാളിനുമുന്നില്‍ വരിവരിയായി നിന്നിട്ടുണ്ട്.ഓരോ ബൂത്തിലെയും പ്രിസൈഡിങ്ങ് ഓഫിസര്‍മാര്‍ അതാതു ബൂത്തിലെ മറ്റു ഉദ്യോഗസ്ഥന്‍മാരെ കണ്ടെത്തി സംഘമായിട്ടാണ് നില്‍പ്പ്.മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ ഓരോ സംഘത്തിലുമുണ്ട്.ആകെ അഞ്ചുപേര്‍.
മൈക്കിലൂടെ അറിയിപ്പ് വന്നു.

"മൂന്നാം ക്ലാസിലെ നയന ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ല.നയന എത്രയും പെട്ടെന്ന് ബൂത്ത് നമ്പര്‍ അഞ്ചിലെ പ്രിസൈഡിങ്ങ് ഓഫീസറുമായി ബന്ധപ്പെടുക.”

നയന എവിടേനിന്നോ ഓടി വന്നു. അവളുടെ മുഖത്ത് പരിഭ്രമം.അവള്‍ ബൂത്ത് നമ്പര്‍ നാലിലെ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ചേര്‍ന്നു. പ്രിസൈഡിങ്ങ് ഓഫിസര്‍ അവളെ ശകാരിക്കുന്നതു കണ്ടു.
ഓരോ സംഘവും കൗണ്ടറില്‍ നിന്നും പോളിങ്ങ് സാമഗ്രികള്‍ ശേഖരിച്ചു.
പ്രിസൈഡിങ്ങ് ഓഫിസര്‍ ഒപ്പിട്ടു നല്‍കി.ദൂരെ മാറിയിരുന്ന് പോളിങ്ങ് സാമഗ്രികള്‍ പട്ടികയുമായി ഒത്തുനോക്കി പരിശോധിച്ചു.ബാലറ്റ് പെട്ടി,ക്യാരറ്റ് സീല്‍,സീല്‍ പാഡ്,ഇന്‍ഡജിബ്ള്‍ ഇന്‍ക്,സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളുടെ ബാലറ്റ് പേപ്പര്‍,വോട്ടര്‍ പട്ടിക,വോട്ടേര്‍സ് സ്ലിപ്പ്,വേസ്റ്റ് പേപ്പര്‍,ഈര്‍ക്കില്‍ കഷണം....
പോളിങ്ങ് സാമഗ്രികള്‍ സൂക്ഷ്മപരിശോധന നടത്തി ഏതെങ്കിലും വസ്തുക്കള്‍ കുറവുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് മൈക്കിലൂടെ അറിയിപ്പ് വന്നു.പോളിങ്ങ് ഓഫീസര്‍മാര്‍ ഒരിക്കല്‍കൂടി തങ്ങളുടെ സാമഗ്രികള്‍ പരിശോധിച്ചു.ഒന്നും കുറവില്ല.എല്ലാം ഭദ്രം.ഓരോ ബൂത്തിലും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പോലീസുകാരുടെ അകമ്പടിയോടെ സംഘം ബൂത്തിലേക്കു നടന്നു നീങ്ങി.

പോളിങ്ങ് ഉദ്യോഗസ്ഥര്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ബൂത്തിലേക്ക് പോകുന്നത്.ബൂത്തില്‍ തങ്ങളുടെ ഡ്യൂട്ടി എന്താണെന്ന് ഓരോരുത്തര്‍ക്കും നന്നായി അറിയാം.കാരണം ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ് കിട്ടിയിരുന്നു.ഓരോ നമ്പറുകാരുടേയും ഡ്യൂട്ടി എന്താണെന്നതിനെക്കുറിച്ചുള്ള വിശദമായ ക്ലാസ്.സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍മാരായ അതുല്‍ ചന്ദ്രനും സ്വാതിയും ചേര്‍ന്നായിരുന്നു ക്ലാസ് എടുത്തത്.ഇവരായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍.ക്ലാസ് കഴിഞ്ഞപ്പോള്‍ ഐഫൂന എന്റെ അടുത്ത് വന്നു പറഞ്ഞു.
"മാഷേ,ക്ലാസ് ജോറായി.ബൂത്തിലെത്തിയാല്‍ എന്തു ചെയ്യണമെന്നത് ഇപ്പോഴാണ് ശരിക്കുമനസ്സിലായത്.”
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വോട്ടര്‍മാരെ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനമുണ്ടായിരുന്നു.ഓരോ ക്ലാസില്‍ നിന്നും ആ ആഴ്ച പത്രം തയ്യാറാക്കേണ്ട പത്രക്കാരുടെ ഗ്രൂപ്പായിരുന്നു അതില്‍ പങ്കെടുത്തത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം,പ്രചരണസമയത്ത് പാലിക്കേണ്ട മര്യാദകള്‍,ബാലറ്റു പേപ്പറിന്റെ മാതൃക,ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ എണ്ണം, വോട്ടു ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളൊക്കെ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി.അടുത്ത ദിവസത്തിലെ പത്രത്തിലെ പ്രധാനവാര്‍ത്തകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു.
പത്രവാര്‍ത്ത വായിച്ച് അഞ്ചാം ക്ലാസിലെ മാളവിക എന്റെ അടുത്തുവന്ന് ചോദിച്ചു.
"മാഷേ,ഈ ബാലറ്റുപേപ്പര്‍ എന്നുവച്ചാലെന്താ?”
"വോട്ടുചെയ്യുന്ന കടലാസ്.അതില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും കാണും.നമുക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനുമുകളില്‍ സീലുചെയ്യണം.എങ്ങനെയാണ് വോട്ടുചെയ്യേണ്ടത് എന്നൊക്ക പിന്നീട് സ്ഥാനാര്‍ത്ഥികള്‍ വന്ന് നിങ്ങള്‍ക്ക് കാണിച്ചുതരും.”
ഞാന്‍ വിശദീകരിച്ചുകൊടുത്തു.അവള്‍ക്ക് സമാധാനമായി.

പോളിങ്ങ് ആരംഭിച്ചു.ഓരോ ബൂത്തിനുമുന്നിലും കുട്ടികളുടെ നീണ്ട ക്യൂ.എല്ലാവരുടേയും കൈയില്‍ വോട്ടര്‍ സ്ലിപ്പുണ്ട്.കുട്ടികളെ നിയന്ത്രിക്കാന്‍ പോലീസുകാരുമുണ്ട്.
ക്യൂവിലെ ആദ്യത്തെ വോട്ടര്‍ അകത്തു കടന്നു.കൈയിലെ സ്ലിപ്പ് ഒന്നാമത്തെ പോളിങ്ങ് ഓഫീസറെ ഏല്‍പ്പിച്ചു.പോളിങ്ങ് ഓഫീസര്‍ സ്ലിപ്പിലെ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി വോട്ടറുടെ പേര് ഉറക്കെ വായിച്ചു.വോട്ടര്‍പട്ടികയില്‍ വോട്ടറുടെ ഒപ്പ് വങ്ങിച്ചു.രണ്ടാമത്തെ പോളിങ്ങ് ഓഫീസര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടി.മൂന്നും നാലും പോളിങ്ങ് ഓഫീസര്‍മാര്‍ ബാലറ്റുപേപ്പര്‍ വിതരണം ചെയ്തു.ആറാം ക്ലാസിലും ഏഴാം ക്ലാസിലും ഒരു വോട്ടര്‍ക്ക് മൂന്നു ബാലറ്റു പേപ്പറുകളുണ്ട്.സ്ക്കൂള്‍ ലീഡര്‍,ക്ലാസ് ലീഡര്‍,പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എന്നിങ്ങനെയാണിത്.പാര്‍ലമെന്റിലേക്ക് അഞ്ചില്‍ കൂടുതല്‍ പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചാലാണ് തെരഞ്ഞെടുപ്പ് നടക്കുക.മറ്റു ക്ലാസുകളില്‍ അഞ്ചുപേര്‍ വീതമേയുള്ളു.അതുകൊണ്ട് ഈ ക്ലാസുകളില്‍ പാര്‍ലമെന്റിലേക്കുള്ള ബാലറ്റുപേപ്പര്‍ ഇല്ല.

 

അഞ്ചാമത്തെ പോളിങ്ങ് ഓഫീസര്‍ നല്‍കിയ മഷി പുരട്ടിയ സീലുമായി വോട്ടര്‍ മുറിയുടെ ഒരു മൂലയില്‍ സജ്ജീകരിച്ച വോട്ടിങ്ങ് കമ്പാര്‍ട്ടുമെന്റിലേക്കു നടന്നു.ഒരു നിമിഷം ആലോചിച്ചു.ചിഹ്നത്തിനു നേരെ ശ്രദ്ധാപൂര്‍വ്വം സീലു പതിപ്പിച്ചു.പോളിങ്ങ് ഓഫീസര്‍മാര്‍ അടയാളപ്പെടുത്തി നല്‍കിയ അതേ വരിയിലൂടെ മടക്കി ബാലറ്റുപെട്ടിയില്‍ നിക്ഷേപിച്ചു.
പുറത്തുവന്നപ്പോള്‍ ഞാനനവനോട് സ്വകാര്യമായി ചോദിച്ചു.
"ആര്‍ക്കാണ് വോട്ടുചെയ്തത്?”
അവന്‍ മറുപടി പറഞ്ഞില്ല.ഒന്നു ചിരിക്കുകമാത്രം ചെയ്തു.
"പോട്ടെ.നീ ഒരു കുട്ടിക്ക് വോട്ടുചെയ്തുവല്ലോ.എന്തുകൊണ്ടാണ് നീ ആ കുട്ടിക്ക് തന്നെ വോട്ടുചെയ്തത്?”
"അവള്‍ക്ക് അഹങ്കാരമില്ല.മറ്റയാള്‍ അങ്ങനെയല്ല.കുറച്ചു കുട്ടികളോടെ മിണ്ടൂ.”



 
കുട്ടികള്‍ വോട്ടുചെയ്യാന്‍ സ്വീകരിച്ച മാനദണ്ഡമെന്താണെന്നറിയാന്‍ എനിക്ക് കൗതുകമായി.
പലകുട്ടികളോടും ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.


"അവന്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും.”
"കഴിഞ്ഞതവണ ക്ലാസ് ലീഡറായപ്പോള്‍ അവള്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.”
"ഭക്ഷണം കഴിച്ച സ്ഥലം അവള്‍ വൃത്തിയാക്കില്ല.അതുകൊണ്ടാണ് അവള്‍ക്ക് വോട്ടുകൊടുക്കാത്തത്.”
"അവന്‍ എന്തു സഹായം വേണമെങ്കിലും ചെയ്തുതരും..”
"ഉച്ചഭക്ഷണം നന്നാക്കാന്‍ ശ്രമിക്കും എന്നവന്‍ പറഞ്ഞിട്ടുണ്ട്.”
രസകരമായിരുന്നു കുട്ടികളുടെ പ്രതികരണങ്ങള്‍.

 

അതിനിടയില്‍ ബൂത്ത് നമ്പര്‍ ഏഴില്‍ നിന്നും ഒരു കള്ളവോട്ട് പിടികൂടി എന്ന വാര്‍ത്ത പരന്നു.അന്വേഷിച്ചപ്പോള്‍ കള്ളവോട്ട് പിടിക്കുമോ എന്നറിയാന്‍ ഒരു ടീച്ചര്‍ തന്നെ ഒപ്പിച്ച വേലയായിരുന്നു അത്.

ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടെടുപ്പ് കഴിഞ്ഞു.
മൈക്കിലൂടെ അറിയിപ്പ് വന്നു.
"പോളിങ്ങ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്.പോളിങ്ങ് കഴിഞ്ഞാല്‍ ഉടന്‍തന്നെ പോളിങ്ങ് സാമഗ്രികള്‍ കൗണ്ടറില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണ്.”

ഓരോ ബൂത്തില്‍നിന്നും ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ ഹാളിലേക്കു നടന്നു.ഹാളിലെ കൗണ്ടര്‍ സജീവമായി.തിരിച്ചേല്‍പ്പിച്ച വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ച് അവര്‍ക്ക് റസീറ്റ് നല്‍കി.റസീറ്റ് കൈപ്പറ്റിയതിനുശേഷം ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണം കഴിക്കാനായി പിരിഞ്ഞുപോയി.
ബാലറ്റുപെട്ടികള്‍ പോലീസുകാരുടെ സംരക്ഷണയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു മാറ്റി.മുറിക്കു മുന്നില്‍ രണ്ടു പോലീസുകാര്‍ കാവല്‍നിന്നു.

 
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം ഘട്ടം ഗംഭീരമായിരുന്നു.കോരിച്ചൊരിയുന്ന മഴ അവരുടെ ആവേശം കെടുത്തിയില്ല.തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മഴ മാറി നില്‍ക്കുന്ന ഇടവേളകളില്‍ അവര്‍ തെരുവ് നാടകം കളിച്ചു.ക്ലാസുകളില്‍ കയറി പ്രസംഗിച്ചു.ഓരോ കുട്ടിയെക്കണ്ടും വോട്ട് അഭ്യര്‍ത്ഥിച്ചു.സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടി സംഘടിപ്പിച്ചു.സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പ്രകടനപത്രിക പരിപാടിയില്‍ അവതരിപ്പിച്ചു.തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ താന്‍ സ്ക്കൂളിനുവേണ്ടി എന്തൊക്കെചെയ്യും എന്നത് അവര്‍ പ്രസംഗത്തില്‍ അക്കമിട്ട് നിരത്തി.വോട്ടര്‍മാരുടെ നിശിതമായ ചോദ്യമുനകള്‍ക്കുമുന്നില്‍ ചിലപ്പോള്‍ അവര്‍ പതറി.മറുപടി തൃപ്തികരമല്ലാത്തപ്പോള്‍ വോട്ടര്‍മാര്‍ വീണ്ടും ചോദ്യങ്ങളുമായി എഴുന്നേറ്റു.

മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടി ഓരോ ക്ലാസിലും സംഘടിപ്പിച്ചു.ക്ലാസ് ലീഡര്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ നയ പരിപാടികള്‍ അവിടെ അവതരിപ്പിച്ചു.ക്ലാസ് തലത്തില്‍ നല്ല ചര്‍ച്ച നടന്നു.ഒരു ക്ലാസ് എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് ഉരുത്തിരിഞ്ഞുവരാന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചു.

ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു.വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും മാത്രമായിരുന്നു പ്രവേശനം.
ഫലമറിയാന്‍ കുട്ടികള്‍ തൊട്ടപ്പുറത്തെ ഹാളില്‍ തടിച്ചുകൂടിയിരുന്നു.
ഒന്നാം ബൂത്തിലെ ഫലമെണ്ണിക്കഴിഞ്ഞപ്പോള്‍ സ്ക്കൂള്‍ ലീഡര്‍ സ്ഥാനാര്‍ത്ഥിയായ അനുശ്രീമോഹന്‍ ശ്രീരാഗ് സുരേഷിനേക്കാള്‍ അഞ്ചുവോട്ടിന്റെ ഭൂരിപക്ഷത്തിനു ലീഡുചെയ്യുന്നു.
കാര്‍ത്തിക ലീഡുനില കുട്ടികളെ അറിയിച്ചുകൊണ്ടിരുന്നു. ഒപ്പം ഓരോ ക്ലാസിലേയും സ്ഥാനാര്‍ത്ഥികളുടെ വിജയവും.ഹാളില്‍ ആര്‍പ്പുവിളിയുയര്‍ന്നു.
അഞ്ചാം ബൂത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡുനില മാറിമറിഞ്ഞു.നേരിയ ഭൂരിപക്ഷത്തിന് ശ്രീരാഗ് മുന്നിലായി.ഹാളില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു.

 
ഒടുവില്‍ ശ്രീരാഗ് എട്ടുവോട്ടിന്റെ ഭൂരിക്ഷത്തിനു വിജയിച്ചു.ശ്രീരാഗിനെ ഹാരമണിയിച്ച് തോളിലേറ്റിക്കൊണ്ടായിരുന്നു കുട്ടികള്‍ ഹാളില്‍ നിന്നു പുറത്തുകടന്നത്.പിന്നീട് സ്ക്കൂളിനെ വലംവെച്ചുകൊണ്ടുള്ള കുട്ടികളുടെ ഗംഭീരമായ ആഹ്ളാദപ്രകടനം.വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ശ്രീരാഗന്റെ പ്രസംഗം.
പിന്നീട് നടന്ന ചടങ്ങില്‍ ഓരോ കുട്ടിക്കും കിട്ടിയ വോട്ടുകളുടെ എണ്ണം മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ പ്രഖ്യാപിച്ചു.ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കും.തനിക്ക് വോട്ടുകുറയാനുള്ള കാരണം അവന്‍ കണ്ടെത്തിയേക്കും.തന്റെ പെരുമാറ്റത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നവന്‍ ആലോചിച്ചേക്കും.

 
അവസാനമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടലും (ഓരോ ക്ലാസിലേയും)അവരുടെ സത്യപ്രതിജ്ഞയും നടന്നു.സ്ക്കൂള്‍ ലീഡര്‍ക്ക് ഹെഡ്മാസ്റ്റര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്ക്കൂള്‍ ലീഡര്‍ ക്ലാസ് ലീഡര്‍മാര്‍ക്കും.പാര്‍ലമെന്റ് അംഗങ്ങള്‍ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനത്തിലാണ് സത്യപ്രതിജ്ഞചെയ്ത്
സ്ഥാനമേല്‍ക്കുക.
സ്ക്കൂള്‍ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചുമതലയും വഹിച്ചത് സോഷ്യല്‍ ക്ലബ്ബിന്റെ പതിമൂന്നംഗ കമ്മറ്റിയായിരുന്നു.കണ്‍വീനര്‍ അതുല്‍ ചന്ദ്രനും ജോ.കണ്‍വീനര്‍ സ്വതിയുമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


 
തെരഞ്ഞെടുപ്പ് എന്ന ഈ പാഠപുസ്തകത്തിന് ഒരു പ്രത്യകതയുണ്ട്.ഇത് കേവലമായ പാഠങ്ങളല്ല.അനുഭവ പാഠങ്ങളാണ്.ഇതിലെ ഓരോ അധ്യായവും അനുഭവിച്ചുകൊണ്ടാണ് കുട്ടികള്‍ പഠിക്കുന്നത്.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരിക്കും അവര്‍ക്കിത്.തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ഇനി അവര്‍ക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല.അതിന്റെ പ്രാധാന്യം കൂടുതല്‍ തെളിച്ചത്തോടെ ഇനി അവര്‍ തിരിച്ചറിയും.ഇതിലൂടെ എന്തൊക്കെ കഴിവുകളാണ് അവര്‍ നേടിയത് എന്നു ചോദിച്ചാല്‍ കുഴങ്ങും.ഒന്നുമാത്രം പറയാം.പൂര്‍ണ്ണ വ്യക്തിത്വങ്ങളായി വളരാന്‍,നല്ലതും മോശവും തിരിച്ചറിയാന്‍,നല്ല മനുഷ്യരാകാന്‍ ഇതവരെ സഹായിക്കും. തീര്‍ച്ച!